അക്ഷയകേന്ദ്രങ്ങളിൽ അമിത ഫീസ് ഈടാക്കുന്നതായി പരാതി

20 രൂപയിൽ താഴെ മാത്രം ഈടാക്കാൻ പാടുള്ള സേവനങ്ങൾക്ക് മിക്ക അക്ഷയകേന്ദ്രങ്ങളും ഈടാക്കുന്നത് 40 രൂപയും അതിലേറെയുമാണ്. ഇ ഡിസ്ട്രിക് വഴിയുള്ള സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത് നൽകാൻ രണ്ടു രൂപ നിജപ്പെടുത്തിയിടത്ത് അഞ്ചിരട്ടിയിലേറെയാണ് ഇവിടെ വാങ്ങിക്കുന്നത്.
25 രൂപയ്ക്ക് നൽകേണ്ട ആധാറിലെ തെറ്റുതിരുത്തലിനും പാസ്പോർട്ട്, പാൻകാർഡ് എന്നിവയ്ക്കുള്ള അപേക്ഷ എന്നിവയ്ക്കും ഇരട്ടിയിലേറെയും പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി നൽകേണ്ട ഇ-ഗ്രാൻഡ് സ്കോളർഷിപ് അപേക്ഷയ്ക്ക് സർക്കാർ 30 രൂപ കേന്ദ്രങ്ങൾക്ക് നൽകുമ്പോൾ ഇതിനുപുറമേ 30 രൂപയും അതിലേറെയും ചില കേന്ദ്രങ്ങൾ അപേക്ഷകരിൽ നിന്ന് വാങ്ങിക്കുന്നതായി പരാതിയുണ്ട്. ജില്ലയിൽ മാത്രം 180 നടുത്ത് അക്ഷയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഓരോ സേവനങ്ങൾക്കുമുള്ള നിരക്ക് പ്രദർശിപ്പിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും പലയിടത്തും അതില്ല. മിക്കയിടങ്ങളിലും പരിചയസമ്പന്നരായ ജീവനക്കാരില്ല. അക്ഷയ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഡിസ്ട്രിക് പ്രോജക്ട് ഓഫിസറുടെ കീഴിൽ ആറുപേർ അക്ഷയ ജില്ലാ ഓഫിസിൽ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന പരാതികളിൽ നടപടിയുണ്ടാവാറില്ലെന്ന പരാതിയുമുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഭൂരിഭാഗം അക്ഷയകേന്ദ്രങ്ങൾക്കുനേരെയും ആരോപണം ഉയർന്നിട്ടുണ്ടെന്ന് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ നിബന്ധനങ്ങളുടെ ലംഘനം നടത്തുന്ന അക്ഷയസംരംഭകരുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും യോഗ്യതയുള്ളവരെ കേന്ദ്രങ്ങളിൽ നിയമിക്കണമെന്നുമാണ് പൊതുജനത്തിന്റെ ആവശ്യം.
No comments