ബാലുശ്ശേരി- കോഴിക്കോട് റോഡ് വെള്ളത്തില്‍, യാത്രക്കാര്‍ ദുരിതത്തില്‍
ബാലുശ്ശേരി മുക്കില്‍ തുടങ്ങി കോഴിക്കോട് നഗരാതിര്‍ത്തി എത്തുന്നതിനിടയിലെ നന്മണ്ട പമ്പിന് സമീപം, പന്ത്രണ്ട്, പതിനൊന്നേനാല്. കാക്കൂര്‍ ടൗണ്‍, ചേളന്നൂര്‍ എട്ടേനാല്, എ.കെ.കെ.ആര്‍. സ്‌കൂള്‍ സ്‌റ്റോപ്പ്, അമ്പലത്തുകുളങ്ങര അങ്ങാടി, കക്കോടി ബസാര്‍, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലാണ് ഏറെ ദുരിതമാവുന്ന രീതിയില്‍ റോഡില്‍ വെള്ളം കയറാറുള്ളത്. മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ടുണ്ടാവാറുള്ള പ്രദേശമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ നാളിതുവരെ അധികൃതരാരും സ്വീകരിച്ചിട്ടില്ല. ആകെ ആശ്വാസമായത് അമ്പലത്തുകുളങ്ങരയിലെ റോഡിന്റെ കുറച്ച് ഭാഗം ഉയര്‍ത്തി ഓവുചാല്‍ നിര്‍മിച്ചതാണ്
ജില്ലയിലെ മറ്റ് പാതകളെ അപേക്ഷിച്ച് വെള്ളം കയറിയ ഭാഗങ്ങള്‍ കൂടുതലായി കാണുന്നത് ബാലുശ്ശേരികോഴിക്കോട് റോഡിലാണ്. ഇതിനിടയാക്കുന്നത് മറ്റൊന്നുമല്ല. ഓവുചാലുകളുടെ അഭാവം തന്നെ. പലയിടത്തും തുടക്കവും ഒടുക്കവുമില്ലാത്ത ഓവുചാലുകളാണ്. ചിലയിടങ്ങളിലാണെങ്കില്‍ ഓവുചാല്‍ എന്ന സംവിധാനമേയില്ല.
ചെറുറോഡുകളില്‍ നിന്നും പറമ്പുകളില്‍ നിന്നുമെല്ലാം റോഡിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ഫലപ്രദമായി ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാനകാരണം. കൂടാതെ ഓവുചാലുകള്‍ അടഞ്ഞ് കിടക്കുന്ന ഭാഗങ്ങളില്‍ മലിനജലം റോഡിലേക്ക് പരന്നൊഴുകുകയും ചെയ്യുന്നു. ഈ പാതയുടെ ഇരുഭാഗങ്ങളിലും വയല്‍പ്രദേശമുള്ളയിടങ്ങളില്‍ ചെറിയ മഴയില്‍പ്പോലും വെള്ളം കയറും.
റോഡിലെ വെള്ളം ഒഴുകിപ്പോകാന്‍ യാതൊരുവിധ മാര്‍ഗവും ഇവിടങ്ങളില്ല. എല്ലാ അങ്ങാടികളില്‍ പോലും ഫലപ്രദമായ ഓവുചാലുകളില്ല. നന്മണ്ട പമ്പിനടത്തും കക്കോടി ബസാറിലും, തടമ്പാട്ടുതാഴത്തുമെല്ലാം വെള്ളം ഒഴിഞ്ഞുപോവാതെ കിടക്കുന്നത് ഇതുമൂലമാണ്
നല്ല മഴയില്‍ ബാലുശ്ശേരിറോഡിലൂടെ കുട ചൂടി നടന്നുപോയാല്‍ തല മാത്രമേ നനയാത്തതായി ഉണ്ടാവുകയുള്ളൂ. കാരണം റോഡിലെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ കാല്‍നടയാത്രികന്റെ വസ്ത്രവും ശരീരവുമെല്ലാം പൂര്‍ണമായും വെള്ളത്തില്‍ കുളിപ്പിച്ചിട്ടുണ്ടാവും. ദേഹം നനയാതെ വെള്ളക്കെട്ട് കടന്നുകിട്ടണമെങ്കില്‍ തിരക്കേറിയ പാതയിലൂടെ സാഹസികപ്രകടനം തന്നെ നടത്തണം.
വെള്ളക്കെട്ട് ദുരിതത്തിലാക്കിയ മറ്റൊരു കൂട്ടര്‍ റോഡരികിലെ കച്ചവടക്കാരാണ്. ഒഴിയാതെ കിടക്കുന്ന വെള്ളക്കെട്ടുമൂലം അമ്പലത്തുകുളങ്ങര അങ്ങാടി, കക്കോടിബസാര്‍ എന്നിവിടങ്ങളിലെ പീടികകള്‍ക്കാണ് ഏറെ ദുരിതം. വെള്ളക്കെട്ടുയര്‍ന്ന് കടകളിലേക്കും മറ്റും ഒഴുകിയെത്താറുണ്ട്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കടകളിലേക്ക് വെള്ളം തെറിക്കുകയും ചെയ്യുന്നു
No comments