Recent comments

Breaking News

തോമസ്‌ ചാണ്ടി രാജിവച്ചു. പകരം മന്ത്രിയില്ല.

തിരുവനന്തപുരം: അടവുകളൊന്നും ഫലിച്ചില്ല. ഒടുവില്‍ തോമസ് ചാണ്ടി പടിയിറങ്ങി. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ബുധനാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്. രാജിക്കത്ത് പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്ക് കൈമാറിയ ശേഷം ചാണ്ടി മന്ത്രിവാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്ക് തിരിക്കുകയായിരുന്നു. ആ സമയത്ത് ചാണ്ടിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ് ഉണ്ടായി.

ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്  ശേഷം മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യത്. ചര്‍ച്ചയില്‍ രാജിവെക്കുക എന്ന നിലപാടിലേക്ക് തന്നെ ദേശീയ നേതൃത്വവും എത്തുകയായിരുന്നു.

സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെക്കുന്നത് എന്നാണ് അറിയുന്നത്. എന്നാല്‍ ഉപാധികളോടെയുള്ള രാജി അംഗീകരിക്കില്ലെന്ന് സി.പി.ഐ അറിയിച്ചു.  തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച്  സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.
 

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഇന്ന് രാവിലെ എട്ട് മണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരനും, മുന്‍ മന്ത്രി എ.കെ ശശീന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ 7.15 ഓടെ തന്നെ ടി.പി പീതാംബരന്‍ തോമസ് ചാണ്ടിയുടെ വസതിയില്‍ എത്തി  ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി തീരുമാനിക്കുകയായിരുന്നു.

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി മന്ത്രിയെ രൂക്ഷമായി  വിമര്‍ശിച്ചത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം ഇല്ല എന്ന് വരെ കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് തോമസ് ചാണ്ടിയോട് ദന്തഗോപുരത്ത് നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും  ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും മന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു.

ഹൈക്കോടതിയില്‍ നിന്നും മുന്നണിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി പിടിച്ച് നില്‍ക്കാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. ഇതിനായി ഇന്നലെ രാത്രി തന്നെ തോമസ് ചാണ്ടി ഡല്‍ഹിയിലേക്ക് പോവാനൊരുങ്ങിയിരുന്നു. എന്നാല്‍ യാത്ര റദ്ദാക്കി ഉടന്‍ തിരുവനന്തപുരത്തേക്ക് മടങ്ങണമെന്ന് തോമസ് ചാണ്ടിക്ക് നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാന്‍ തീരുമാനിച്ചത്.

ഫോണ്‍വിളി വിവാദത്തില്‍ പെട്ട എ.കെ ശശീന്ദ്രന്റെ കേസ് കോടതിയില്‍ എത്തിയിരുന്നു. പരാതിക്കാരി കേസ് പിന്‍വലിച്ചതോടെ ശശീന്ദ്രന്‍ വൈകാതെ കുറ്റവിമുക്തനാകുമെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ അടുത്ത മന്ത്രിയകുവാനുള്ള നറുക്ക് വീഴുന്നത് ശശീന്ദ്രന് തന്നെയാകും

No comments