സമരപ്പന്തലില്‍ വിവിധ നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു .

തിരുവനന്തപുരം:സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍റെ സംസ്ഥാന ജനറല്‍സെക്രട്ടറി ശ്രീ മുഹമ്മദ് ശിഹാബ് ഇ.എ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിനം പിന്നിട്ടു. പല നേതാക്കളും സമര പന്തലില്‍ എത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു എങ്കിലും ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നീക്കവും സമരം തീര്‍ക്കുന്നതിനായി ഉണ്ടാകുന്നില്ല.
പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആരംഭിച്ച നിരാഹാര സമരത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, CPI മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍,തിരുവനന്തപുരം DCC പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സമര പന്തലില്‍ എത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കുര്യാക്കോസ് ,INA സംസ്ഥാന സെക്രട്ടറി ഷിഹാബിനു പിന്തുണ അറിയിച്ചുകൊണ്ട് സമര പന്തലില്‍ എത്തി. ഐക്യദാര്‍ഡ്യവുമായി സമര പന്തലില്‍ എത്തിയവര്‍ ഐ.എന്‍.യ്ക്ക് അഭിവാദ്യങ്ങള്‍ അറിയിക്കുകയും വിജയകരമായ ഒരു തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും എടുക്കുന്നതിനായി എല്ലാ പിന്തുണയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.

നിരാഹാരം തുടങ്ങി മൂന്ന്‍ ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കുകുത്തിയായി നില്‍ക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം INA അറിയിക്കുകയുണ്ടായി. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉചിതമായ നീക്കങ്ങള്‍ ഉണ്ടാകുന്നില്ല എങ്കില്‍ മരണം വരെ നിരാഹാരം അല്ലാതെ മറ്റൊരു വഴിയും നഴ്സുമാര്‍ക്ക് മുന്‍പില്‍ ഇല്ല എന്നും INA സംസ്ഥാന സെക്രെട്ടറി മുഹമ്മദ് ശിഹാബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.

നിരാഹാരസമരം കൂടാതെ പണിമുടക്കും INA ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ നഴ്സുമാര്‍ സമരം ആരംഭിച്ചു. സംസ്ഥാനവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ് കണ്ണൂരിലും സമരം തുടങ്ങിയത്. നോട്ടീസ് കാലാവധി പൂര്‍ത്തിയാകുന്നതിനനുസരിച്ച് വിവിധജില്ലകളില്‍ നഴ്സുമാര്‍ പണിമുടക്കും. കണ്ണൂര്‍ ജില്ലയിലെ അഞ്ചു സ്വകാര്യആശുപത്രികളിലെ ആയിരത്തിഇരുന്നൂറിലധികം നഴ്സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കണ്ണൂരിലെ ധനലക്ഷ്മി, കൊയിലി , സ്പെഷ്യാലിറ്റി , ആശിര്‍വാദ് , തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രികളിലെ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്ക് ആരംഭിച്ചത്.കലക്ടറേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ നഴ്സുമാര്‍ അഞ്ച് ആശുപത്രിക്കു മുന്നിലും സമരം ആരംഭിച്ചു.പനി സാഹചര്യം കണക്കിലെടുത്ത് അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രിക്ക് മുന്നിലും നഴ്സുമാര്‍ രോഗികളെ പരിചരിക്കാനുണ്ടാകും. വിവിധജില്ലകളിലെ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ സമരത്തിന്‍റെ നോട്ടീസ് നല്‍കിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്നത് അനുസരിച്ച് എല്ലാജില്ലകളിലും വരുംദിവസങ്ങളില്‍ സമരം ആരംഭിക്കും എന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കേരളത്തിലെ നഴ്സുമാരുടെ അവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. അവസരം മുതലാക്കുന്ന കുറുക്കന്മാരെ പോലെ INA. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ INA ആഗ്രഹിച്ചിട്ടില്ല. ഈ സമരത്തിന് രണ്ട് മാസം മുമ്പേ നോട്ടീസ് കൊടുത്തതാണ്. ജനങ്ങളോട് INAയ്ക്ക് പറയാനുള്ളത് ഈ സമരത്തിനൊപ്പം നിങ്ങൾ നിൽക്കണം എന്നാണ്. ജനങ്ങൾ ഈ സമരം ഏറ്റെടുക്കണം എന്നും ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു.
No comments