Recent comments

Breaking News

നഴ്സുമാരുടെ വേതനം സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കണം - യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

കോഴിക്കോട് : നഴ്സുമാരുടെ വേതനം സർക്കാർ ഏകപക്ഷീയമായി തീരുമാനിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) സംസ്ഥാന പ്രസിഡൻ്റ് ജാസ്മിൻഷ. സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ തൊഴിലാളി നിഷേധ നിലപാടുകൾക്കെതിരെ തുടരുന്ന സത്യഗ്രഹ സമരം തൃശൂരിൽ 12 ദിവസവും സെക്രട്ടേറിയറ്റ് പടിക്കലും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളിൽ മൂന്ന് ദിവസവും പിന്നിട്ടു.

പകര്‍ച്ച പനി ബാധിതരുൾപ്പടെ രോഗികൾക്ക് പ്രയാസങ്ങൾ ഉണ്ടാവാത്തവിധമാണ് പ്രക്ഷോഭ പരിപാടികൾ തുടരുന്നത്. രോഗികളോടുള്ള കടപ്പാട് മാത്രമെ ഈ ഘട്ടത്തിൽ നഴ്സുമാർക്കുള്ളൂ. ആശുപത്രികളിൽ സേവനമഷ്ടിക്കുന്ന നഴ്സുമാർ മാനേജ്മെൻ്റുകളോട് നിസഹകരണ സമരം തുടരുകയാണ്. നിർദ്ദേശങ്ങളിൽ സമവായമെടുക്കാനാവാതെ ഐആർസിയുടെ മിനിമം വേജ് കമ്മിറ്റി അസാധുവായ സാഹചര്യത്തിൽ തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് ലേബർ കമ്മിഷണർ അറിയിച്ചിരുന്നെങ്കിലും ഇതിന് ജൂലൈ 20 വരെ കാത്തുനിൽക്കേണ്ട സാഹചര്യമാണ്.

ഐആർസി മിനിമം വേജ് കമ്മിറ്റിയിൽ വേതന വർദ്ധനവ് സംബന്ധിച്ച ട്രേഡ് യൂണിയനുകളുടെ നിർദ്ദേശം അംഗീകരിക്കില്ലെന്ന മാനേജ്മെന്റുകളുടെ പിടിവാശിയാണ് നഴ്സുമാരെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത്. സ്വകാര്യ ആശുപത്രികളിലെ ഗ്രേഡ്-എട്ട് കാറ്റഗറിയിലുള്ള ജീവനക്കാർക്ക് 18,900 രൂപ മിനിമം വേതനം കണക്കാക്കിയാണ് ട്രേഡ് യൂണിയനുകൾ സംയുക്തമായി നിർദേശം നൽകിയത്. എന്നാൽ 30 ശതമാനത്തിൽ കൂടുതൽ വേതന വർദ്ധനവിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു മാനേജ്മെൻ്റുകൾ.

ഈ സാഹചര്യത്തിൽ മിനിമം വേതനം ഏകപക്ഷീയമായി സർക്കാർ തീരുമാനിക്കണമെന്നാണ് ആവശ്യം.
മന്ത്രി വിളിക്കുന്ന യോഗം വരെ ആശുപത്രികളിൽ നഴ്സുമാർ പണിമുടക്കില്ലെന്ന് ലേബർ കമ്മിഷണർക്ക് ഐആർസി മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ യുഎൻഎ ഉറപ്പുനൽകിയിരുന്നു.

എന്നാൽ, നഴ്സുമാരുടെ നിഷ്കളങ്കതയും സഹനശേഷിയും മുതലെടുത്ത് തൊഴിലാളി ദ്രോഹം തുടരാനാണ് മാനേജ്മെൻ്റും തൊഴിൽ വകുപ്പും ശ്രമിക്കുന്നതെങ്കിൽ അതിശക്തമായ സമരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന് ജാസ്മിൻഷ വ്യക്തമാക്കി.ജൂലൈ 11 ന് അരലക്ഷം നഴ്സുമാർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഇതിനുള്ള മുന്നറിയിപ്പായിരിക്കുമെന്നും ജാസ്മിൻഷ പറഞ്ഞു.

No comments