തലസ്ഥാനനഗരിയെ വിറപ്പിച്ച് മാലാഖമാരുടെ സമരം
യു.എന്‍.എയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണത്തിന് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അതിരാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ നഴ്‌സുമാര്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ കേന്ദ്രീകരിച്ച ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്തു.
സ്വകാര്യ ആശുപത്രികളില്‍ പണിമുടക്കിക്കൊണ്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്ത് ആരോഗ്യബന്ദിന്റെ സാഹചര്യം സൃഷ്ടിച്ചു. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നഴ്‌സുമാരുടെ പ്രകടനത്തിനാണ് തിരുവനന്തപുരം ഇന്ന് സാക്ഷ്യം വഹിച്ചത്.12 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോഴും പിന്നറ്റം രക്തസാക്ഷി മണ്ഡപം പിന്നിട്ടിരുന്നില്ല.
തങ്ങളുടെ ആവശ്യം ഇനിയും അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 17 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ പൂര്‍ണ്ണമായും പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ മിനിമം വേതനം നിശ്ചയിച്ചെങ്കിലും അത് അംഗീകരിക്കുവാന്‍ സംഘടന തയ്യാറായിട്ടില്ല. സുപ്രീംകോടതി നിര്‍ദ്ദേശിച്ച ശമ്പളം ലഭിക്കും വരെ സമരം തുടരാനാണ് യു എന്‍ യുടെ തീരുമാനം
No comments