Recent comments

Breaking News

ജപ്തിയിലൂടെ കുടിയിറക്കിയ വീട്ടമ്മയെ നാട്ടുകാര്‍ കുടിയിരുത്തി

ബാലുശ്ശേരി: ജില്ലാ സഹകരണബാങ്ക് ജപ്തി നടപടിയിലൂടെ കുടിയിറക്കിയ വീട്ടമ്മയെ നാട്ടുകാര്‍ കുടിയിരുത്തി. കിനാലൂര്‍ പൂളക്കണ്ടി കുന്നോളിതാഴെ കമലയ്‌ക്കെതിരെയായിരുന്നു ജപ്തി നടപടി സ്വീകരിച്ചത് .

റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ക്കൊപ്പമാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടിക്ക് എത്തിയിരുന്നത്. കമലയെ വീട്ടില്‍നിന്ന് പുറത്തിറക്കി വീട് പൂട്ടി സീല്‍ പതിക്കുകയാണുണ്ടായത്. ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജപ്തി നടപടി. കമലയെ കുടിയൊഴിപ്പിച്ചെന്ന വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീട്തുറന്ന് കമലയെ വീട്ടില്‍ കുടിയിരുത്തി.

15 വര്‍ഷം മുന്‍പ് കമല ജില്ലാബാങ്കിന്റെ ബാലുശ്ശേരി ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വായ്പയെടുത്തിരുന്നു. മാസതവണയില്‍ അടച്ചുതീര്‍ക്കാമെന്ന വ്യവസ്ഥയിലായിരുന്നു ബാങ്ക് വായ്പ അനുവദിച്ചത്. വീട്ടു ജോലിചെയ്ത് ഉപജീവനം കഴിച്ചുപോന്ന കമലയ്ക്ക് വായ്പയടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാങ്ക് പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും 4000 രൂപമാത്രമാണ് അടച്ചിരുന്നത്. ബാങ്ക് കോടതി നടപടി സ്വീകരിച്ചതാണ് ജപ്തിയിലേക്ക് നയിച്ചത്. രോഗിയും വിധവയുമായ വീട്ടമ്മയെ കുടിയിറക്കിയതിനെതിരേ പ്രദേശത്തുകാര്‍ പ്രതിഷേധിച്ചു.

കാലാവധി തീര്‍ന്നിട്ടും വായ്പ തിരിച്ചടയ്ക്കാതിരുന്ന സാഹചര്യത്തിലാണ് കോടതി നടപടികള്‍ സ്വീകരിച്ചതെന്നും വായ്പ അടച്ചുതീര്‍ക്കാന്‍ പലതവണ അവസരം നല്‍കിയിരുന്നതായും ബാങ്ക് മാനേജര്‍ വി.കെ. അജിത് കുമാര്‍ പറഞ്ഞു. ജപ്തിനടപടി സ്വീകരിക്കുന്നതിനുമുമ്പ് പ്രശ്‌നപരിഹാരത്തിനായി ജനപ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അവരില്‍നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും തുടര്‍ന്നാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കടപ്പാട് : മാതൃഭൂമി

No comments