Recent comments

Breaking News

കാട്ടിറച്ചി പിടിക്കാനെത്തിയ വനപാലക സംഘത്തിന് നേരെ കക്കയത്ത് ആക്രമണം

കക്കയം: കക്കയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കിടെ നായാട്ടുസംഘം ആക്രമിച്ചു. കാട്ടുപോത്തിന്റെ ഇറച്ചിയുമായി കാറില്‍ പോയവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്.

സംഭവത്തില്‍ പരിക്കേറ്റ കക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രമോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. ബാലകൃഷ്ണന്‍, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രജിത് കുമാറും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.

ഇറച്ചിയും കാറും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കക്കയത്തെ മരുതോലില്‍ ബേബിയും മകനും മറ്റൊരാളുമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇയാളുടെ വീട്ടില്‍നിന്ന് പോലീസിന്റെ സഹായത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മലമാന്റെയും കൂരമാന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകള്‍ പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ 4.30-ഓടെ വാഹനം പരിശോധിച്ചപ്പോള്‍ ടോര്‍ച്ചും വടിയും കമ്പിപ്പാരയുമായി അക്രമിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു. കത്തിവിശീയാണ് സംഘം രക്ഷപ്പെട്ടത്. അക്രമത്തില്‍ പ്രമോദ് കുമാറിന്റെ മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ബാലകൃഷ്ണന് തലക്കും പുറത്തും രാധാകൃഷ്ണന് തലക്കും പരിക്കേറ്റു. കൂരാച്ചുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വൈല്‍ഡ് ലൈഫ് സംരക്ഷണ നിയമപ്രകാരം വനംവകുപ്പും മൂന്ന് പേര്‍ക്കെതിരേ കേസെടുത്തതായി പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍. റൂബിന്‍ പറഞ്ഞു.

No comments