വേറിട്ട കാഴ്ചകളുമായി വെഡ്ഡിങ് റിഫ്ലക്‌ഷൻസ് എന്ന ഫോട്ടോപ്രദർശനം

ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ വിനീത് കെ. ശിവദാസ് ഒരുക്കിയ ഫോട്ടോ സ്റ്റോറിയും മറ്റു വിഭാഗങ്ങളിലെ വിജയികളായ സതീഷ് ശങ്കർ തിരുവനന്തപുരം, അമ്പിളി പ്രവദ എറണാകുളം, ശശി ഡ്രീംസ് വടകര, നിധിൻ ഫോമ കോഴിക്കോട്, മോജിൻ കോഴിക്കോട് എന്നിവരുടേതുൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഫൊട്ടോഗ്രഫർമാരുടെ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.

വിവാഹവേദിയിൽ നിന്നുള്ള അപൂർവ നിമിഷങ്ങളുടെ ഫോട്ടോകൾ ഉൾപ്പെട്ട കാൻഡിഡ് ഫോട്ടോകൾ വേറിട്ട കാഴ്ചയാണ് നൽകുന്നത്. തിരുവനന്തപുരത്തെ വിവാഹവേദിയിൽ വിവാഹം കഴിഞ്ഞ ഉടനെ ബോധരഹിതയായി വീണ വധുവിനെ വരൻ ഉൾപ്പെടെയുള്ളവർ താങ്ങിയെടുക്കുന്ന ഫോട്ടോയും വിവാഹശേഷം വരന്റെ വീട്ടിലേക്കു പോകുന്ന വധുവിനോട് കരഞ്ഞു യാത്രപറയുന്ന അമ്മയുടെ ചിത്രവും ആസ്വാദകനു വ്യത്യസ്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.
ബ്രൈഡൽ ഫൊട്ടോഗ്രഫി വിഭാഗത്തിൽ കാര്യമായ ആഭരണങ്ങളൊന്നുമില്ലാതെ മുഖം മിനുക്കുന്ന വധുവിന്റെ ചിത്രവും ശ്രദ്ധേയമാണ്. വിവിധ മത വിഭാഗങ്ങളിൽപ്പെട്ട വധുക്കളുടെ ആകർഷകവും ആഡംബരപൂർണവുമായ ചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്. കപ്പിൾ ഫൊട്ടോഗ്രഫിയിൽ ഇൻഡോർ, ഔട്ട്ഡോർ വിഭാഗങ്ങളിൽ സാങ്കേതികതയ്ക്കൊപ്പം സർഗാത്മകത കൂടി ചേർന്നപ്പോൾ ആകർഷകമായ ഒട്ടേറെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
വിവാഹ ഫൊട്ടോഗ്രഫിയിൽ സംസ്ഥാനത്തെ പ്രഥമ സംരംഭമാണ് ആറ് വിഭാഗങ്ങളിലായി നടത്തിയ ഈ ഫോട്ടോ മൽസരം. ഡ്രോൺ ഉൾപ്പെടെയുള്ള ക്യാമറകളിൽ ചിത്രീകരിച്ച ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്.
മൽസരത്തിനായി ലഭിച്ച 300 ഫോട്ടോകളിൽ നിന്നു തിരഞ്ഞെടുത്ത 60 വലിയ എൻലാർജുമെന്റുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം നന്ദകുമാർ മൂടാടി ഉദ്ഘാടനം ചെയ്തു. സുനിൽ ഇൻഫ്രെയിം ആധ്യക്ഷ്യം വഹിച്ചു. ദർശൻ വിനോദ്, വി.പി. പ്രസാദ്, സജീഷ് മണി എന്നിവർ പ്രസംഗിച്ചു. പ്രദർശനം 13 വരെ നീളും.
No comments