Recent comments

Breaking News

വ്യവസായങ്ങൾ ഉയർന്നുവരാൻ അടിസ്ഥാനസൗകര്യ വികസനം അനിവാര്യം -മന്ത്രി എ.സി. മൊയ്തീൻ

ബാലുശ്ശേരി: സംസ്ഥാനത്ത് വ്യവസായങ്ങളും വൻസംരംഭങ്ങളും ഉയർന്നുവരണമെങ്കിൽ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം  അനിവാര്യമാണെന്ന് വ്യവസായവകുപ്പുമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 

കിനാലൂർ വ്യവസായ വികസനകേന്ദ്രത്തിൽ കെ.എസ്.ഐ.ഡി.സി. നിർമിച്ച മാതൃകാ വ്യവസായ കെട്ടിടസമുച്ചയത്തിന്റെയും  വ്യവസായപാർക്കിന്റെ രണ്ടാംപാദ വികസനപ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ മുതൽമുടക്കാൻ ധാരാളം സംരംഭകരുണ്ടെങ്കിലും അടിസ്ഥാനസൗകര്യവികസനത്തിലെ അപര്യാപ്തതമൂലം പിന്തിരിയുന്ന അവസ്ഥയാണ് ഇന്നുള്ളത്. കുരുക്കുകളില്ലാത്ത റോഡുകൾ, റെയിൽവേ, ജലഗതാഗതം, വൈദ്യുതി തുടങ്ങിയ പശ്ചാത്തലമേഖലകളിലെല്ലാം  കൂടുതൽ മുതൽമുടക്കി സൗകര്യങ്ങൾ വർധിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ നികുതികൾ ചുമത്താൻ കഴിയാത്തതിനാലാണ് അമ്പതിനായിരം കോടിരൂപ കടമെടുക്കാൻ തീരുമാനിച്ചത്. ഈ നിക്ഷേപം മാന്ദ്യത്തിലകപ്പെട്ട സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ രക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

പുരുഷൻ കടലുണ്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, ബ്ലോക്ക് പഞ്ചായത്തംഗം അഹമ്മദ് കോയ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.കെ. നാസർ, കെ.പി. ഷൈനി, ഇ.പി. ലത്തീഫ്, കെ.കെ. കൃഷ്ണകുമാർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സൈമൺ സക്കറിയ എന്നിവർ സംസാരിച്ചു.

No comments