Recent comments

Breaking News

എയിംസ് - കിനാലൂരിന് കൂടുതല്‍ സാധ്യത

കോഴിക്കോട്: കോഴിക്കോട്ട് എയിംസ് സ്ഥാപിക്കാന്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) തത്ത്വത്തില്‍ അനുമതി കിട്ടിയ സാഹചര്യത്തില്‍ കിനാലൂര്‍ വ്യവസായ പാര്‍ക്കിനുതന്നെ സാധ്യത. അധികം ഏറ്റെടുക്കലില്ലാതെ സ്ഥലം ലഭ്യമാവുക അവിടെ മാത്രമാണ്. കിനാലൂരിലെ 200 ഏക്കര്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ നേരത്തേ പദ്ധതി സമര്‍പ്പിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. മറ്റു മൂന്നു ജില്ലകള്‍ കൂടെ പരിഗണിച്ചിരുന്നു. എവിടെയാണെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ഇനി എയിംസ് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങണമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം , കോട്ടയം , കളമശ്ശേരി  എന്നിവ ഉള്‍പ്പെടുത്തി ആദ്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോടിനാണ് മുന്‍ഗണന നല്‍കിയത്. എം.കെ. രാഘന്‍ എം.പി.യും കോഴിക്കോട്ട് എയിംസിനായ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. കിനാലൂരിലും മാവൂരിലും സ്ഥലം ലഭ്യമാണെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്നാല്‍ മാവൂരിലെ ഭൂമി ഗ്രാസിമില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചെടുത്തിട്ടില്ല. അതുകൊണ്ട് അതേറ്റെടുക്കല്‍ വൈകിയേക്കും. കിനാലൂരില്‍ വ്യവസായ വികസന പാര്‍ക്കിനായി ഏറ്റെടുത്ത 308 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കര്‍ ഉഷാ സ്‌കൂളിന് നല്‍കിയിട്ടുണ്ട്. മറ്റു വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കിയതു കഴിച്ച് 200 ഏക്കറിലധികം ഇപ്പോഴും ബാക്കിയുണ്ട്. എയിംസിന് 500 ഏക്കര്‍ വേണ്ടിവരും. അത്രയും വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ ബാക്കി ഭൂമി ഏറ്റെടുക്കേണ്ടിവന്നേക്കാം.

കഴിഞ്ഞദിവസം കൊച്ചിമെട്രോ റെയിലിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയപ്പോഴാണ് എയിംസിനുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും പരിഗണിച്ചത്. ഇനി ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അനുമതിലഭിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങണം. അതുകഴിഞ്ഞ് വിശദപദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന അത്ര ഭൂമിയും കണ്ടെത്തി നല്‍കേണ്ടിവരും

കിനാലൂരില്‍ എയിംസ് വന്നാല്‍ വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ തുടങ്ങിയ ജില്ലകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ആശുപത്രിയാകും അത്.

No comments