Recent comments

Breaking News

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി

പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയ്ക്ക് എത്തിയത്

എകരൂൽ  : പൂനൂരില്‍  ശുചിത്വ പരിശോധനകൾക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്   മിന്നൽ പരിശോധന നടത്തി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയ്ക്ക് എത്തിയത്. നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതായും വ്യാപാരികളടക്കം പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പൂനൂർ ചന്തയിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച മീൻ കച്ചവടക്കാരിൽ നിന്നും കോഴിക്കച്ചവടക്കാരിൽ നിന്നും പിഴ ഈടാക്കി. വ‍ൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണങ്ങൾ പാചകം ചെയ്ത ഹോട്ടൽ അഭിരുചി, കെട്ടിടത്തിനു മുകളിൽ മാലിന്യം തള്ളി കൊതുകുകളുടെ വ്യാപനത്തിന് ഇടയാക്കിയ മിനർവ സ്റ്റോർ എന്നീ സ്ഥാപനങ്ങൾ‌ക്ക് യഥാക്രമം രണ്ടായിരവും നാലായിരവും രൂപ പിഴ ചുമത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച എസ്റ്റേറ്റ് മുക്കിലെ ബീഫ് സ്റ്റാളിന് 1000 രൂപ പിഴയിട്ടു. 24 മണിക്കൂറിനുള്ളിൽ ന്യൂനതകൾ പരിഹരിക്കണമെന്ന് നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ.പ്രവീൺ, കെ.കെ.ലത എന്നിവർ നേതൃത്വം നൽകി. പൊതുജന ആരോഗ്യ നിയമത്തിനും പഞ്ചായത്ത് രാജ് ആക്ടിനും എതിരായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

No comments