നഴ്സുമാർ - മാലാഖമാർ-സമരത്തിന് പിന്തുണയുമായി വാവ സുരേഷ്
വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം
എല്ലാ സുഹൃത്തുക്കളും ഈ പോസ്റ്റ് വായിക്കുക
നഴ്സുമാർ - മാലാഖമാർ !!!
ഈ മാലാഖമാർക്കെന്താ വീടും വീട്ടുകാരും ഒന്നുമില്ലേ.പൊതു ജനങ്ങളായ നമ്മൾ ഇതിനെ പറ്റി ചിന്തിക്കേണ്ടി ഇരിക്കുന്നു. നമ്മളിൽ ആരും തന്നെ ആശുപത്രി കയറാതിരുന്നിട്ടില്ല. നമുക്ക് തന്നെ അറിയാം ഡോക്ടർ പരിശോധിച്ച് മരുന്നു നിർദ്ധേശിക്കുതു മുതലുള്ള ഒരു രോഗി യുടെ സകലകാര്യങ്ങളും സ്വന്തം ആരോഗ്യവും ,വീട്ടുകാര്യങ്ങളും മറന്ന് രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി പരിശ്രമിക്കുന്നവരാണ്.ഇവരിൽ പല ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നവർക്ക് അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ട്.പലരാത്രികളിലും രോഗിയെ പരിചരിക്കുന്ന നഴ്സ്മാർക്ക് ഉറങ്ങാൻ കഴിയാറില്ല, മാത്രമല്ല ചിലപ്പോൾ ആഹാരം പോലും കഴിയ്ക്കാനുള്ള സമയം കിട്ടാറില്ല. നമ്മളിൽ തന്നെ പലരും ഇവരുടെ അവസ്ഥകളൊന്നും അറിയാതെ തെറി പറഞ്ഞിട്ടുണ്ടാകും, അതിനു പുറമേ ഹോസ്പിറ്റലിലെ ഉന്നത ഉദ്യോഗസ്ഥരുടെ വകയായി കിട്ടുന്ന വഴക്കും .ഈ തെറിയെല്ലാം കേട്ട് നമുക്ക് വേണ്ടി ജോലി ചെയ്യുന്ന നഴ്സുമാരെ പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ ആരോഗ്യത്തെ പറ്റി ചിന്തിക്കുന്ന നഴ്സ്മാരുടെ കാര്യങ്ങളെ പറ്റി നമ്മളും ചിന്തിക്കേണ്ടി ഇരിക്കുന്നു. മൂന്നര - നാലു വർഷം കൊണ്ട് പഠനം പൂർത്തിയിറങ്ങുന്ന നഴ്സുമാരിൽ പലരും മാനേജ്മെന്റ് ചോദിയ്ക്കുന്ന ഫീസ് ബാങ്കിൽ നിന്നും വായ്പയെടുത്തും ,മറ്റു സ്ഥലങ്ങളിൽ നിന്നും കടം വാങ്ങി നൽകുന്നു. എന്നാൽ വളരെ പ്രതീക്ഷയോടെ ഇവരെ പഠിക്കാൻ അയയ്ക്കുന്ന വീട്ടുകാരെ കാത്തിരിയ്ക്കുന്നത് വളരെ ദയനീയമായ അവസ്ഥയാണെന്ന് വൈകിയാണ് മനസിലാക്കുന്നത് .എടുക്കുന്ന വിദ്യാഭ്യാസ വായ്പ പോയിട്ട് വീട്ടു കാര്യങ്ങൾ വരെ തള്ളി നീക്കാൻ കഷ്ടപ്പെടുന്നവർ.
ഇന്ന് ഒരു വീട് വയ്ക്കുന്ന കൊത്ത പണിക്കാരന് രാവിലെ 8 മണി മുതൽ 2-മണി വരെ ജോലി ചെയ്യുമ്പോൾ ലഭിക്കുന്നത് 1000 രൂപയാണ് എന്നാൽ ലക്ഷങ്ങൾ കൊടുത്ത് പഠിച്ചിറങ്ങി രാപ്പകൽ ഇല്ലാതെ സേവനം ചെയ്യുന്ന നഴ്സ്മാരിൽ പലർക്കും ശമ്പളമില്ല , ശമ്പളം ലഭിക്കുന്നവർക്കോ വളരെ തുച്ഛമായ ശമ്പളവും.
കേരളത്തിൽ സേവനം ചെയ്യുന്ന നഴ്സുമാർക്ക് മാത്രമേ ഇങ്ങനെ ഒരു ദുരവസ്ഥയുള്ളൂ.കേരളം വിട്ടു പോയാൽ മിനിമം 20,000 രൂപയെങ്കിലും മാസശമ്പളമായി ലഭിക്കുന്നുണ്ട്. വീടും വീട്ടുകാരെയും വിട്ട്പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സ് മാർക്കു 80,000 രൂപ മുതൽ മുകളിലേക്ക് ശമ്പളമുണ്ട്. നമ്മളിൽ പലർക്കും അസുഖം വന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ കഴിഞ്ഞിങ്ങുമ്പോൾ നൽകുന്ന ബിൽ തുക ലക്ഷങ്ങളാണ് .അതിൽ നഴ്സസ് ഫീ എന്നും എഴുതിയിട്ടുണ്ടാകും എന്നിട്ടും കേരളത്തിൽ മാത്രം എന്തുകൊണ്ട് നഴ്സുമാർക്ക് മിനിമം വേതനം നൽകാൻ കഴിയുന്നില്ല.
ഇവരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ ഗവൺമെന്റ് പോലും മുൻകൈ എടുക്കുന്നില്ല.
എനിക്ക് ഇവരെ പറ്റി കണ്ടതും അറിഞ്ഞുമായ കുറേയേറെ കാര്യങ്ങൾകൂടി നിങ്ങളുമായി പങ്കു വയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഈ പോസ്റ്റ് തന്നെ എത്രത്തോളം ശ്രദ്ധ ചെലുത്തുമെന്ന് എനിയ്ക്കറിയില്ല.
എന്റെ ഒരു അപേക്ഷയായി കരുതി എന്റെ എല്ലാ കൂട്ടുകാരും ഇവരുടെ ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ ഇവരുടെ കൂടെ നിൽക്കണം. ജൂൺ 26 -മുതൽ നഴ്സുമാരുടെ സംഘടനയായ UNA യുടെ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ) ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ സ്വകാര്യ ആശുപത്രികൾക്കെതിരെയും സമരം നടത്തുകയാണ്. അപ്പോഴും അത്യാവശ്യം വേണ്ടുന്ന നഴ്സുമാരെ ആശുപത്രികളിൽ ഡ്യൂട്ടിയ്ക്ക് നൽകിയതിന് ശേഷം മാത്രമാണ് സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത് .
നമുക്കും നഴ്സുമാരുടെ ഈ സമരത്തിൽ അണിചേരാം. ഒരു പക്ഷേ പൊതുജനങ്ങളായ നമ്മുടെ പ്രതികരണം കൊണ്ടും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകാം. എല്ലാവരും വരും ദിവസങ്ങളിൽ നിങ്ങളുടെ ഫെയ്സ് ബുക്കിലും മറ്റും നഴ്സുമാരുടെ ഈ ദുരവസ്ഥകളെ കുറിച്ച് എഴുതുക .നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് അതു മാത്രമാണ്.അങ്ങനെ എങ്കിലും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകട്ടെ. ഇപ്പോഴത്തെ നഴ്സുമാരുടെ ഈ കണ്ണീർ ഒരു പുഞ്ചിരിയായി മാറട്ടെ. നഴ്സുമാരില്ലാത്ത ഒരു ആശുപത്രിയെ പറ്റി ആർക്കും ചിന്തിക്കാനാകില്ല.
I SUPPORT NURSES !!!!
I SUPPORT UNA !!!!!
വാവ സുരേഷ്
No comments