ബഷീറിന്റെ കൃതികളും വാക്കുകളും ചേര്‍ത്ത് ഹഖ് ഇയ്യാട് എഴുതിയ കഥ
കഥാബീജം
അയാള്‍ ഓര്‍മ്മയുടെ അറകള്‍ തുറക്കുകയാണ്. വിസ്മൃതിയില്‍ ആണ്ടുപോയ ആ അനുരാഗത്തിന്റെ ദിനങ്ങള്‍ പൂനിലാവില്‍ മുഴുകിയ താജ്മഹല്‍പോലെ തെളിഞ്ഞു വരികയാണ്. ഭയത്തിന്റെയും വേദനയുടെയും നിരാശയുടെയും കഴിഞ്ഞുപോയ ദിനങ്ങള്‍. തന്റെ ബാല്യകാല സഖിയായ, ഭാര്‍ഗവീനിലയത്തിന്‍റെ ഇടതുവശത്ത് താമസിക്കുന്ന വിശ്വവിഖ്യാതമായ മൂക്കുള്ള മുച്ചീട്ടുകളിക്കാരന്റെ മകളെ അയാള്‍ സ്നേഹിച്ചിരുന്നു.
അവളുടെ ജന്മദിനത്തില്‍ അയാളെയും അവള്‍ വീട്ടിലേക്ക് പ്രത്യേകം ക്ഷണിച്ചു. അന്ന് പതിവിന് വിപരീതമായി അവള്‍ നേരത്തേ എഴുന്നേറ്റ് കുളി മുതലായവയൊക്കെ കഴിച്ചു, നല്ല വസ്ത്രങ്ങള്‍ ധരിച്ചു. മുടി ചീകി മിനുക്കി മുല്ലപ്പൂ ചൂടി. അവള്‍ എല്ലാവര്ക്കും തണുത്ത മന്ദഹാസം നല്‍കി.
റോസാപ്പൂപോലെ ചെമന്ന ചുണ്ടുകള്‍ക്കിടയിലൂടെ അവള്‍ പതുക്കെ പറഞ്ഞു :
" ഇന്ന് എന്റെ ജന്മദിനമാണ്"
മറ്റുള്ളവരോടൊപ്പം അയാളും ഉറക്കെ പറഞ്ഞു " ഐ വിഷ് യു മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡെ"
പ്രേമസാന്ദ്രമായ ഒരു കടാക്ഷം, പിന്നീട് അവളുടെ നോട്ടം അയാളുടെ പതിഞ്ഞു.അതോടെ തന്റെ കൈയ്യിലുള്ള മാന്ത്രികപ്പൂച്ചയെ അയാള്‍ അവള്‍ക്ക് നല്‍കി. അവിടെ ഉണ്ടായിരുന്ന എം പി പോള്‍ എന്നൊരാള്‍ അവള്‍ക്കൊരു ചിരിക്കുന്ന മരപ്പാവയും കൊടുത്തു.
അന്ന് രാത്രി ശബ്ദങ്ങള്‍ ഉണ്ടാകാതെ മതിലുകള്‍ ചാടിക്കടന്ന് ആനവാരിയും പൊന്‍കുരിശും അവളുടെ വീട്ടിലെത്തിയിരുന്നു. അവരുടെ കൈയില്‍ അവള്‍ക്ക് കൊടുക്കാന്‍ ഓരോ ആനപ്പൂടയും കരുതിയിരുന്നു.
പിറ്റേ ദിവസം പെങ്ങള്‍ പാത്തുമ്മയുടെ ആട് വിശപ്പ് സഹിക്കാന്‍ കഴിയാതെ കരഞ്ഞപ്പോള്‍ പുല്ല് പറിക്കാന്‍ വേണ്ടി മുള്ളുവേലി ചാടിക്കടന്ന് അയാള്‍ അടുത്തുള്ള പറമ്പിലെത്തി. രണ്ടേക്കര്‍ തെങ്ങും പറമ്പാണ്. നന്നാക്കി സ്റ്റൈലാക്കാന്‍ കഴിയുന്ന ഒരു പഴയ വീടുമുണ്ട് അവിടെ. ഈ ഭൂമിയുടെ അവകാശികള്‍ ആരും തന്നെ അവിടെ താമസമില്ല. പാവപ്പെട്ടവരുടെ വേശ്യ എന്ന് വിളിക്കുന്ന ഒരു സ്ത്രീ മാത്രമാണ് വിഡ്ഢികളുടെ സ്വര്‍ഗമെന്ന് പറയുന്ന അവിടെ താമസിച്ചു വരുന്നത്.
" താമരപ്പൂങ്കാവത്തില്‍,
താമസിക്കുന്നോളെ....
പഞ്ചവര്‍ണ്ണ പൈങ്കിളിയില്‍
പങ്ക് റങ്ക്ള്ളോളെ.........
എന്ന ശോക മധുരിമ ഗാനം പാടി പുല്ല് പറിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ കാമുകിയും മുച്ചിട്ടുകളിക്കാരന്റെ മകളുമായ കൊസ്രോക്കൊള്ളി നേരും നുണയും പറഞ്ഞു അയാളുടെ അടുതെത്തി. അതിനിടയില്‍ " ന്‍റെപ്പൂപ്പാക്കൊരാനെണ്ടാര്‍ന്ന് " എന്നുവരെ അവള്‍ പറഞ്ഞു. തിരിച്ചു പോകാന്‍ നേരം അവള്‍ അയാള്‍ക്കൊരു പ്രേമലേഖനം കൊടുത്തു. അതോടെ അയാള്‍ അവളുടെ കരം ഗ്രഹിച്ചു. പുറത്ത് ഗാഡമായി ഒന്നു ചുംബിച്ചു. പിന്നെ, കണ്ണുകളില്‍, മുടിയിലും, ചുണ്ടുകളിലും, മുഖത്തും കഴുത്തിലും ചുംബിച്ചും അവര്‍ അന്യോന്യം ഒട്ടിച്ചേര്‍ന്നു. സുഖകരമായ ഒരു ആലസ്യവും പുതുമയാര്‍ന്ന ഒരാശ്വാസവും.....
അവളുടെ മധുരസുരഭിലമായ ഇളംചുവപ്പാര്‍ന്ന ചുണ്ടുകള്‍ അയാളുടെ ചുണ്ടുകളെയും കണ്ണുകളെയും അനുഗ്രഹിച്ച അനര്‍ഘനിമിഷം!
'യാ രബ്ബൂല്‍ ആലമീന്‍' നിന്റെ ബാപ്പ മുച്ചീട്ടുകളിക്കാരന്‍' അയാള്‍ പകച്ചുകൊണ്ട് പറഞ്ഞുപോയി.അപകടം പിടിച്ച ഭയങ്കര നിമിഷം. ബലീഷ്ടകായനായ മുച്ചീട്ടുകളിക്കാരന്‍ ചങ്കുപൊട്ടി അലറി. അഖിലാണ്ഡങ്ങളും അയാളുടെ മുന്നില്‍ കിടന്നു കറങ്ങുകയാണ്. അയാള്‍ക്ക് മരണത്തിന്റെ നിഴലില്‍ അകപ്പെട്ടതായി തോന്നി. ശിങ്കിടി മുങ്കന്‍ അടക്കമുള്ള പല ദൈവങ്ങളെയും അയാള്‍ മനസ്സില്‍ വിളിച്ചു.
പിന്നീട് ഒച്ചയും ആര്പ്പുവിളികളുമായ് സ്ഥലത്തെ പ്രധാന ദിവ്യന്മാരും മറ്റും അവിടെയെത്തി. അതിലൊരാള്‍ താരാ സ്പെഷല്‍സ് സിഗരറ്റ് വലിച്ചുകൊണ്ട് വന്നുകൊണ്ടിരിക്കുന്നവരോടെല്ലാം വേദനാജനകമായ ആ ഭയങ്കര സംഭവം വിവരിക്കുന്നുണ്ടായിരുന്നു. 'ഭഗവത് ഗീതയും കുറെ മുലകളും' എന്നാ പുസ്തകം വായിക്കുന്നതിനടയിലാണ് പാവപ്പെട്ടവരുടെ വേശ്യ ഈ സംഭവം കേട്ട് അവിടെ ഓടിയെത്തിയത്. അവര്‍ക്കിത് ഒരു രസമായി തോന്നിയതിനാല്‍ പൊട്ടിച്ചിരിച്ചു.
ഒരു പിതാവിന്റെ ചങ്കുപൊട്ടാന്‍ വേറെ വല്ല സംഗതിയും വേണോ? മുച്ചീട്ടുകളിക്കാരന്റെ കണ്ണുചുവന്നു. അയാള്‍ ഒരു മരക്കൊള്ളിയെടുത്ത് മകളുടെ തലമണ്ടക്ക് ഒന്ന് കൊടുത്തു.
'അയ്യോ നിര്‍ത്ത് നിര്‍ത്ത്, എന്തൊരു ദ്രോഹമാണിത്. !'
ഇത് കണ്ടുകൊണ്ടിരുന്ന ഒരാള്‍ വിളിച്ചു പറഞ്ഞു: 'ഇതും ഇതിലപ്പോറോം ചെയ്യിണ ഹറാംപെറന്നോനാണ് നമ്മള്..... എന്ന് പറഞ്ഞു മുച്ചീട്ടുകളിക്കാരന്‍ അലറി.
അതോടെ കാമുകനായ അയാള്‍ വേലികടന്ന് ഓടുകയായിരുന്നു.
ഏകാന്ത ഭീകരമായ രാപ്പകലുകളും ജീവിതത്തിന്റെ നിഴല്‍പാടുകളും കടന്ന് അയാള്‍ ഞങ്ങളുടെ നാട്ടിലെത്തി. മാസങ്ങള്‍ക്കുശേഷം അയാള്‍ക്ക് അവളെഴുതിയ ഒരോര്‍മ്മക്കുറിപ്പ് കിട്ടി. അതിലവള്‍ ഇങ്ങനെ എഴുതി. ' എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മള്‍ തമ്മില്‍ ഇനി കാണുകയില്ലായിരിക്കാം.... നിങ്ങള്‍ എഴുത്ത് വായിച്ച് എന്നോട് തര്‍ക്കിക്കാന്‍ വരരുത്. എന്റെ ബാപ്പ എന്നെ കൊന്നുകളയും. അന്നത്തെ അടിയുടെ വേദന ഇന്നും എന്റെ തലയിലുണ്ട്. എനിക്ക് മാപ്പ് നല്‍കണം. തെറ്റിദ്ധരിക്കരുത് എന്നെ, നിങ്ങളെ അല്ലാഹു സഹായിക്കട്ടെ, ചെവിയോര്‍ക്കുക അന്തിമ കാഹളം. മംഗളം.
ഹഖ് ഇയ്യാട്
No comments