ജീര്‍ണിച്ച കുളത്തില്‍ മുങ്ങി കുടിവെള്ളപദ്ധതിയുടെ കിണര്‍

മങ്ങാട് മണ്ണിന്‍കട്ട കുടിവെള്ളപദ്ധതിക്കെതിരെയാണ് പരാതിയുയര്‍ന്നത്. കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ. സജീവന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സി.ഐ. അറിയിച്ചു. കുടിവെള്ളപദ്ധതിയില്‍ വിതരണംചെയ്യുന്ന വെള്ളം ഉപയോഗശൂന്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പദ്ധതി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
ജില്ലാ പഞ്ചായത്ത് അനുവദിച്ച പതിനെട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് 2015-ല്‍ പദ്ധതി നിര്‍മിച്ചത്. വയല്‍പ്രദേശത്ത് വെറുതെകിടന്ന പൊതുകുളത്തിനകത്ത് കിണര്‍നിര്‍മിച്ച് കുളക്കരയില്‍ പമ്പ് ഹൗസ് സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. കുളത്തിന്റെ മുകള്‍ഭാഗത്തേക്കാള്‍ താഴ്ന്നാണ് കിണര്‍ നില്‍ക്കുന്നത്. കുളത്തില്‍നിന്നും വെള്ളമിറങ്ങാതിരിക്കാന്‍ കിണറിനുമുകളില്‍ അടപ്പില്ല. കുളത്തില്‍ വെള്ളമുയരുമ്പോള്‍ കിണര്‍ വെള്ളത്തില്‍ മൂടുന്നു. ചപ്പുചവറുകളും മറ്റുംവീണ് ജീര്‍ണിച്ചനിലയിലാണ് കുളത്തിലെ വെള്ളം. അടിഭാഗത്ത് ചെളിനിറഞ്ഞിരിക്കുന്നു. ഇതാണ് കിണറിലേക്കെത്തുന്നത്. ഈ വെള്ളം കുന്നിന്‍മുകളില്‍ നിര്‍മിച്ച രണ്ട് ടാങ്കുകള്‍ വഴി കുടിവെള്ളമായി പ്രദേശത്തെ 120 വീടുകളില്‍ വിതരണംചെയ്യുന്നു. പാത്രം കഴുകാനും മറ്റുമാണ് ഇതുപയോഗിക്കുന്നതെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. കുടിവെള്ളത്തിന് അടുത്തവീടുകളിലെ കിണറിനെയാണ് ആശ്രയിക്കുന്നത്.
1970-കളില്‍ ജലസേചനത്തിനായി നിര്‍മിച്ച പൊതുകുളമാണിത്. പിന്നീട് കൃഷി ഇല്ലാതായതോടെ കുളം വെറുതെയിട്ടു. നാട്ടുകാര്‍ അലക്കാനും കുളിക്കാനും ഉപയോഗിച്ചുവരികയായിരുന്നു. ഇതിലാണ് വെള്ളം ശുദ്ധമായി സംരക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്താതെ കുടിവെള്ളപദ്ധതിയുടെ കിണര്‍ നിര്‍മിച്ചത്. സമീപത്തെ തോട്ടില്‍നിന്നുള്‍പ്പെടെ ചെളിവെള്ളം കുളത്തിലേക്ക് ഒഴുകിയെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. പദ്ധതിയുടെ കിണര്‍ കുളത്തിനുനടുവില്‍ നിര്‍മിച്ചത് ക്രമവിരുദ്ധമായാണെന്നും അവര്‍ ആരോപിക്കുന്നു. ഗുണഭോക്താക്കളില്‍നിന്ന് 1500 രൂപവീതം വിഹിതമായി വാങ്ങിയാണ് പദ്ധതി നിര്‍മിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി മാസം നൂറുരൂപവീതം ഗുണഭോക്താക്കള്‍ നല്‍കിവരുന്നുമുണ്ട്.
വിതരണം ചെയ്യുന്നത് ശുദ്ധജലംതന്നെ -കണ്‍വീനര്‍
മങ്ങാട് മണ്ണിന്‍കട്ട കുടിവെള്ളപദ്ധതിയില്‍ വിതരണം ചെയ്യുന്നത് ശുദ്ധജലം തന്നെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും പദ്ധതി കണ്‍വീനര്‍ ചാലില്‍ മൊയ്തീന്‍ പറഞ്ഞു. കുളത്തിലെ വെള്ളം വറ്റിച്ച് ചെളികോരിമാറ്റിയശേഷമാണ് കിണര്‍ കുഴിച്ചത്. ഇത് കുടിവെള്ളമായി ഉപയോഗിക്കാവുന്നതാണെന്ന് പരിശോധനയില്‍ തെളിഞ്ഞതാണ്. കുളത്തിലെ വെള്ളം കുടിക്കാന്‍ കൊള്ളാത്തതാണെന്ന ആരോപണത്തില്‍ കഴമ്പില്ല. ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും പദ്ധതിവെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടപ്പാട് : മാതൃഭൂമി
No comments